കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഭരണനിര്‍വഹണത്തിന് കരുത്താകുന്ന പുതിയ കാലഘട്ടത്തിലേക്ക് ചുവടുവച്ച് എറണാകുളം ജില്ലാ ഭരണകൂടം. ജില്ലയിലെ നാല്‍പ്പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എഐ പരിശീലനം നല്കുന്ന എഐ ഇറ (എഐ എറണാകുളം റവല്യൂഷനൈസിംഗ് അഡ്മിനിസ്ട്രേഷന്) പദ്ധതി മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റുഡിയോ സ്ഥാപിക്കും. പ്രോംപ്റ്റ് എന്‍ജിനീയറിംഗ്, ഡാറ്റാ വിശകലനം, സൈബര്‍ സുരക്ഷ, ഭരണതലത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ വിദഗ്ധ പരിശീലനം ഉറപ്പാക്കും.
ദൈനംദിന ഓഫീസ് ജോലികളും ഫയൽ എഴുത്തുകളും എഐ ഉപയോഗിച്ച് എങ്ങനെ എളുമാക്കാം എന്നതാണ് ജീവനക്കാരെ പഠിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഫയൽ തീർപ്പാക്കൽ അതിവേഗത്തിലാകും. ഐടി മിഷന്, ഇന്‍ഫോപാര്‍ക്ക്, എന്‍ഐസി, ഐഡിബിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ജി.പ്രിയങ്ക, സബ് കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഐടി മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ ചിഞ്ചു സുനില്‍ ദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.